മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്, അങ്ങിനെയെങ്കിലും ഗൂഗിളിനിട്ട് ഒരു പണികൊടുക്കാൻ. ഇതുവല്ലതും നടക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഗൂഗിളിനിട്ട് പണികൊടുക്കുന്നതിനു പകരം തങ്ങൽ ബിംഗിനെ മെച്ചപ്പെടുത്തൻ മൈക്രോസോഫ്റ്റിനു ശ്രമിച്ചുക്കൂടെ എന്ന് പലരും ചോദിക്കുന്നു.
Nov 15 2009
ഒറാക്കിളും മൈ.എസ്.ക്യു.എല്ലും
ഒറാക്കിൾ സൺ മൈക്രോസിസ്റ്റംസിനെ വാങ്ങാൻ തീരുമാനിച്ചത് ഏപ്രീലിലാണ് അതിന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അനുവാദവും കിട്ടി, പക്ഷെ ഇപ്പോൾ തടസ്സമായിരിക്കുന്നത് യൂറോപ്പ്യൻ കമ്മീഷനാണ്.
പ്രശ്നമെന്തെന്നുവെച്ചാൽ സൺ മൈക്രോസിസ്റ്റത്തിന്റെ കയ്യിലാണ് ലോകത്തിലേ ഏറ്റവും പ്രചാരം കൂടിയ ഡാറ്റാബേസ് സോഫ്റ്റ്വെയറായ മൈ.എസ്.ക്യു.എൽ. (MySQL) ഉള്ളത്. ഒറാക്കിളിന്റെ പ്രധാന ഉല്പന്നമായ ഒറാക്കിൾ ഡാറ്റാബേസിന് അതൊരു എതിരാളിയുമായിരുന്നു. ഒറാക്കിൾ സണ്ണിനെ വാങ്ങുന്നതോടെ സ്വാഭാവികമായും മൈ.എസ്.ക്യു.എല്ലും ഒറാക്കിളിന്റേതാകും, ഇവിടെ ലോകത്തിലെ നല്ലൊരു ഭാഗം സ്വതന്ത്ര സോഫ്റ്റ്വെയർ ചിന്താഗതിക്കാരും കരുതുന്നത്, സ്വന്തമായികഴിഞ്ഞാൽ ഒറാക്കിൾ അവരുടെ ഒറാക്കിൾ ഡാറ്റാബേസിന്റെ അപ്രമാദിത്വം നിലനിർത്താൻ മൈ.എസ്.ക്യു.എല്ലിനെ നശിപ്പിച്ചേക്കുമോ എന്നാണ്, അതുപോലെ യൂറോപ്പ്യൻ കമ്മീഷനും ചിന്തിക്കുന്നു കൂടെ നിയമപരമായ മറ്റ് നൂലാമാലകളും. യൂറോപ്പിലെ പല പ്രാദേശിക ഗവണ്മെന്റും സ്വതന്ത്ര സോഫ്റ്റ്വെയറിനെ പിന്തുണക്കുന്നവരാണ്. ഇതു സംബന്ധമായി കൂടുതൽ വായിക്കുവാൻ ഇവിടെയും ഇവിടെയും പോകാം.
മൈ.എസ്.ക്യു.എൽ നിലനിൽക്കില്ലേ?? അതോ ഒറാക്കിൾ അതിനെ…
Aug 30 2009
വിക്കിനിഘണ്ടുവിൽ 5,000 നിർവ്വചനങ്ങൾ
വിക്കിനിഘണ്ടു അഥവാ വിക്ഷണറിയിൽ (http://ml.wiktionary.org) 5,000 നിർവ്വചനങ്ങൾ ആയിരിക്കുന്നു.
Jul 01 2009
ഫയര്‍ഫോക്സ് 3.5 (Firefox 3.5)
ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂണ്‍ 2009) പുറത്തിറങ്ങി. ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു.
നല്ല വേഗത്തില്‍ പേജുകള്‍ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങള്‍ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെന്‍ഡറിങ്ങ് വേഗത നല്ലപോലെ വര്‍ദ്ധിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന കാര്യം ഉള്‍ക്കൊള്ളിരിച്ചിരിക്കുന്നത് പ്രൈവറ്റ് ബ്രൌസിങ്ങ് മോഡാണ്. മെനുവില്‍ Tools->Start Private Browsing ക്ലിക്കിയാല്‍ പിന്നെ ബ്രൌസര്‍ പ്രൈവറ്റ് ബ്രൌസിങ്ങ് മോഡിലായിരിക്കും. ആ അവസ്ഥയില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ് താളുകളൊന്നും ഹിസ്റ്ററി ലിസ്റ്റില്‍ രേഖപ്പെടുത്തപ്പെടുത്തുക, ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയലുകള്‍ ഡൌണ്‍ലോഡ് ലിസ്റ്റില്‍ ചേര്‍ക്കുക, ഫോമുകള്‍, സെര്‍ച്ച് ബോക്സുകള്‍ എന്നിവയില്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ ഓര്‍ക്കുക, കുക്കികള്‍, കാഷെ തുടങ്ങിയവ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. Tools->Stop Private Browsing ഞെക്കി പ്രൈവറ്റ് ബ്രൌസിങ്ങ് മോഡില്‍ നിന്നും പുറത്തു കടക്കാം. ഇത് വഴി പ്രധാനമായും ഉദ്ദേശിക്കുന്നത് രഹസ്യമായ വെബ് ബ്രൌസിങ്ങാണ്. പ്രൈവറ്റ് ബ്രൌസിങ്ങ മോഡ് ഉപയോഗിച്ചതിനു ശേഷം അയാള്‍ ഏതൊക്കെ സൈറ്റുകളില്‍ പോയി എന്നൊന്നും അറിയാന്‍ പറ്റില്ല. ഇന്റര്‍നെറ്റ് കഫേകള്‍ വഴി വെബ് ബ്രൌസിങ്ങ് നടത്തുന്നവര്‍ക്ക് ഇത് നല്ലതായിരിക്കും. അത് വഴി അറിയാതെയോ കുക്കികള്‍ വഴിയോ രഹസ്യവാക്കുകള്‍ ചോരുന്നത് തടയാന്‍ സാധിക്കും.
സാങ്കേതികമായ പല പുതിയ മാറ്റങ്ങളും ഈ പുതിയ പതിപ്പിലുണ്ട്. എച്ച്.ടി.എം.എല്‍ (HTML) ന്റെ അഞ്ചാം പതിപ്പിനുള്ള പിന്തുണയാണ് അതിലൊന്ന്. അത് വഴി പല പുതി സാങ്കേതിക വിദ്യകളും പ്രയോഗത്തില്‍ വരുത്തന്‍ കഴിയും. ജാവസ്ക്രിപ്റ്റ് (JavaScript), സി.എസ്.എസ്. (CSS), എസ്.വി.ജി.(SVG), തൂടങ്ങിയവയുമായി ബന്ധപ്പെട്ട മാറ്റങ്ങളും ഇതിനോടനുബന്ധിച്ചുണ്ട്.
Jun 01 2009
മലയാളം വിക്കിപീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍
മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാള്‍ കൂടുതല്‍ നന്നായി വിവരിക്കാന്‍ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ ഈ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.
വിക്കിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ എനിക്കും അതിയായ സന്തോഷമുണ്ട്. ![]()
Apr 22 2009
ഹാക്കിങ്ങും ഹാക്കറും
ഹാക്കിങ്ങ് എന്ന വാക്കിന് പല്‍പ്പോഴും മോശമായ ഏതോ ഒന്ന് എന്ന രീതിയില്‍ അര്‍ത്ഥം ലഭിച്ചിട്ടുണ്ട്. അതുപോലെ ഹാക്കര്‍ എന്ന വാക്കിനും. മറ്റ് കമ്പ്യൂട്ടറുകളിലോ നെറ്റ്‌വര്‍ക്കുകളിലോ നുഴഞ്ഞുകയറി നശീകരണ പ്രവര്‍ത്തനം നടത്തുന്നതിനെ ഹാക്കിങ്ങ് എന്നും അതു ചെയ്യുന്ന ആളാണ് ഹാക്കര്‍ എന്നും പൊതുവേ പറയാറുണ്ട്. സാങ്കേതികമായി പ്രോഗ്രാമിങ്ങ് മേഖലയില്‍ ഹാക്കിങ്ങ് എന്നാല്‍ ചെറിയ ഒരു പ്രശ്നത്തിനുള്ള ചെറിയ ഒരു പരിഹാരം കാണുന്ന പ്രവര്‍ത്തിയാണ്. ഇവിടെ പ്രശ്നം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വലിയ പ്രശ്നമൊന്നുമായിരിക്കില്ല, ഇംഗ്ലീഷ് ഭാഷയിലെ problem എന്ന വാക്കിന്റെ മലയാളമായി തല്‍ക്കാലം പ്രശ്നം എന്നു മാത്രമേ തലയില്‍ തെളിയുന്നുള്ളൂ. ഏതെങ്കിലും രീതിയില്‍ അനുകൂലമായി പെരുമാറുന്നതിനുവേണ്ടി ഒരു പ്രോഗ്രാമിന്റെ ക്രമീകരണത്തിലോ അതിന്റെ മൂലകൃതിയിലോ (സോഴ്സ്കോഡ്) ചെറിയ ഒരു മാറ്റം വരുത്തന്നതോടെ ഈ ‘പ്രശ്നം’ പരിഹരിക്കപ്പെടുകയും ചെയുന്നു.
ഉദാഹരണത്തിന് വിന്‍ഡോസ് എക്സ്പിയില്‍ കമ്പ്യൂട്ടര്‍ ഒണ്‍ ചെയ്താല്‍ ബൂട്ട് സ്ക്രീന്‍ കാണാറുണ്ട് നീല നിറത്തിലുള്ള മൂന്നോ നാലോ എണ്ണം വലതു വശത്തേക്ക് തുടര്‍ച്ചയായി ഓടിപോകുന്നത് കാണാം. അത് വിന്‍ഡോസ് എക്സ്പിയുടെ സ്വതവേയുള്ള ഒരു പ്രവര്‍ത്തന രീതിയാണ്. ആ സ്ക്രീനിനു പകരം നമ്മളുദ്ദേശിക്കുന്ന ഒരു ചിത്രം കാണിക്കണമെന്ന് വെക്കുക അതിന് മാര്‍ഗമുണ്ട് ചില ക്രിയകളിലൂടെ അത് സാധിച്ചെടുക്കാവുന്നതുമാണ്, ഇത് ഹാക്കിങ്ങിനുള്ള ചെറിയ ഒരു ഉദാഹരണമായി കണക്കാക്കാം. ഇത് കൂടാതെ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ പലകാര്യങ്ങളും പരിഹരിക്കുന്നതിനെ ഹാക്കിങ്ങ് എന്ന് പറയുന്നു. എക്സ്പിയുടെ ബൂട്ട് സ്ക്രീന്‍ മാറ്റുന്ന പ്രവര്‍ത്തനം നിലവിലെ ഹാക്കര്‍മാരുടെ നിലവാരം വച്ചു നോക്കുമ്പോള്‍ ഹാക്കിങ്ങേയല്ല. മാത്രവുമല്ല വിന്‍ഡോസ് എക്സ്പിയുടെ ബൂട്ട് സ്ക്രീന്‍ ഭംഗിയായി മാറ്റിത്തരുന്ന പ്രോഗ്രാമുകള്‍ വരെ നിലവിലുണ്ട്.
ഇനി ഹാക്കര്‍മാര്‍ക്ക് ഉദാഹരണം പറയാം. ലിനക്സിനെ കുറിച്ചു പറയുന്നിടങ്ങളില്‍ ഇങ്ങനെ കാണുവാന്‍ സാധിക്കും ‘ലിങ്ക്സ് ടോര്‍വാള്‍ടും ലോകമെമ്പാടുമുള്ള പ്രോഗ്രാമര്‍മാരും, ഹാക്കര്‍മാരും ചേര്‍ന്നാണ് നിലവില്‍ ലിനക്സ് കേര്‍ണല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.‘ എന്ന്. ഇവിടെ പറയുന്ന ഹാക്കര്‍മാര്‍ എന്തെങ്കിലും നശീകരണ പ്രവര്‍ത്തനം നടത്തുന്നവരല്ല. ലിനക്സ് പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ കേര്‍ണല്‍ വളരെ സങ്കീര്‍ണ്ണതകളുള്ളതാണ്. കൂടുതല്‍ സമയവും അതിന്റെ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നത്. ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ്. ഇവിടെ ചെറിയ മാറ്റങ്ങള്‍ ചേര്‍ക്കുന്നവരെ ഹാക്കര്‍മാര്‍ എന്ന് പദം ഉപയോഗിച്ചു സൂചിപ്പിക്കുന്നു.
ക്രാക്കിങ്ങ്, ക്രാക്കര്‍ എന്നീ പദങ്ങളാണ് സങ്കേതികപരമായി കമ്പ്യൂട്ടര്‍ ലോകത്ത് യഥാക്രമം നശീകരണ പ്രവര്‍ത്തങ്ങളെയും അതു നടത്തുന്ന ആളേയും സുചിപ്പിക്കുവാനുപയോഗിക്കുന്നത്. ഹാക്കിങ്ങ്, ക്രാക്കിങ്ങ് തുടങ്ങിയവ ചെയ്യുന്ന വ്യക്തികളില്‍ ഭൂരുഭാഗവും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് അറിയുന്നവരായിരിക്കും. പ്രോഗ്രാമര്‍മാരല്ലാത്ത ഹാക്കറും ക്രാക്കറും ഉണ്ടാവില്ല എന്നോ അവരുടെ പ്രവര്‍ത്തനം ഹാക്കിങ്ങ്/ക്രാക്കിങ്ങ് ആയി പരിഗണിക്കാതെയുമിരിക്കുകയോ ചെയ്യാം. ഹാക്കിങ്ങ് എന്ന പ്രവര്‍ത്തനം ഉപദ്രവത്തിനും മറ്റുള്ളവര്‍ക്കെതിരെ മോശമായോ അവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനുമൊക്കെ ഉപയോഗിക്കുമ്പോള്‍ അത് ക്രാക്കിങ്ങ് ആയി മാറുന്നു. അതായത് സങ്കേതികമായി രണ്ടും ഒന്നാണ് പക്ഷെ സാമൂഹിക ജീവിതത്തിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അത് ക്രാക്കിങ്ങ് എന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ്.
ക്രാക്കര്‍മാര്‍ അവരുടെ പ്രവര്‍ത്തനം സാധ്യമാക്കുന്നത് പലപ്പോഴും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിലടങ്ങിയ പിഴവുകളെ ഉപയോഗിപ്പെടുത്തിക്കൊണ്ടാവും. അതുപോലെ മറ്റുള്ളവരെ കബളിപ്പിച്ചും കാര്യം സാധിക്കുന്നു. ഉദാഹരണത്തിന് ക്രാക്കര്‍ ഒരു ഉപയോഗപ്രദമായ അല്ലെങ്കില്‍ ഉപയോഗപ്രദമെന്ന് തോന്നിക്കാവുന്ന രീതിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നു. കാര്യക്ഷമായ സുരക്ഷയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത ഒരു വ്യക്തി അത് ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിക്കുന്നതോടെ ആ പ്രോഗ്രാമില്‍ സ്വതവേ അടങ്ങിയിരിക്കുന്ന ഒരു ഭാഗം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ തന്നെ തനിയെ പ്രവര്‍ത്തിക്കുന്ന രീതിയില്‍ സെറ്റ് ചെയ്യപ്പെടുന്നു എന്ന് വെക്കുക. ഇങ്ങനെയുള്ള പ്രോഗ്രാമുകള്‍ വഴി ക്രാക്കര്‍ക്ക് ഈ വ്യക്തി ഏതെങ്കിലും സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ടൈപ്പ് ചെയ്യപ്പെടുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും ശേഖരിക്കുവാന്‍ കഴിയും. നല്ല ഒരു ഫയര്‍വാള്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കില്‍ ഇത് തടയാന്‍ സാധിക്കും. അതുപോലെ തന്നെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നു വിവരങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റ് വഴി അവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യാം. കമ്പ്യൂട്ടര്‍ നല്ല ആന്റിവൈറസ് സോഫ്റ്റ്വെയര്‍, ഫയര്‍വാള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിതമാക്കുക എന്നതാണ് ഇത് തടയാനുള്ള വഴി.
Apr 07 2009
വെബ്‌ദുനിയയും ഗൂഗിളും
മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയില്‍ വന്ന വാര്‍ത്തയില്‍ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം
http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്‌ദുനിയയും യാഹുവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഇന്റര്‍നെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്‌ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റര്നെറ്റ് ഉപയോക്താക്കള്ക്കിടയില് അത്ര അറിയപ്പെടാത്തതുമാണ്.

